കാക്കനാട് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടർ. മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ വിദഗ്ധ പരിശോധനാ റിപ്പോർട്ട് പുറത്തുവരണം. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നാണ് ഡോക്ടർ പറയുന്നത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചത്. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി. മരണം സ്ഥിരീകരിച്ചത് ഉച്ച കഴിഞ്ഞ് 2.55ഓടെയാമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.കോട്ടയം സ്വദേശിയാണ് മരിച്ച രാഹുൽ ഡി നായർ. രാഹുലിന്റെ പോസ്റ്റ്മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളജിൽ നടക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു. ഡോക്ടറോട് യുവാവ് നൽകിയ മൊഴിപ്രകാരം ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.
യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ചു വരുകയാണ്.