CRIME-ഭോപാൽ : ദലിത് യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ മധ്യപ്രദേശിൽ 8 പേരെ അറസ്റ്റ് ചെയ്തു.
സാഗർ ജില്ലയിലെ ബറോദിയ നൊനാഗിർ സ്വദേശിയായ നിതിൻ അഹിർവാർ (ലാലു–19) ആണു വ്യാഴാഴ്ച ആൾക്കൂട്ടത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ടത്.
8 പേർ അറസ്റ്റിലായി.
മുൻവൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു.
എന്നാൽ, ലാലുവിന്റെ സഹോദരി നൽകിയ പീഡനക്കേസിൽ ഒത്തുതീർപ്പിനു സമ്മർദം ചെലുത്താൻ എത്തിയവരാണു കൊലപ്പെടുത്തിയതെന്നു കുടുംബം ആരോപിച്ചു.
ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കു വഴിവച്ചു.
ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ബിഎസ്പിയും രംഗത്തെത്തി. മധ്യപ്രദേശിലാണു ദലിതർക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും ഇതു ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. എന്നാൽ, കേസിൽ ഉടനടി നടപടിയുണ്ടായെന്നും കോൺഗ്രസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും ബിജെപി പ്രതികരിച്ചു.