സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാവിലെ തൃശൂരില്‍ ചേരും. 10 മണിക്ക് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം. മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാല്‍ രാവിലെ കോഴിക്കോട് നടക്കേണ്ടിയിരുന്ന പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങ് വൈകിട്ടത്തേക്ക് മാറ്റിയിട്ടുണ്ട്. നടപടിയില്‍ തീരുമാനമായാല്‍ പിപി ദിവ്യയെ അറസ്റ്റ് ചെയ്യുകയോ പൊലീസിന് മുന്നില്‍ കീഴടങ്ങുകയോ ചെയ്യും. അതേസമയം ദിവ്യയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.