Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കേരളത്തിലെ പലസ്‌തീൻ അനുകൂല റാലിയിൽ ഹമാസ് നേതാവ് ഓൺലൈനിലൂടെ പങ്കെടുത്തത് വിവാദം

മലപ്പുറം : കേരളത്തിൽ നടന്ന പലസ്‌തീൻ അനുകൂല റാലിയിൽ ഹമാസ് നേതാവ് ഓൺലൈനിലൂടെ പങ്കെടുത്തത് വിവാദമാവുന്നു.

മലപ്പുറം ജില്ലയിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച റാലിയിൽ ഹമാസ് നേതാവ് പങ്കെടുത്തതായാണ് ആരോപണം.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ട ഹമാസ് ഭീകരസംഘടനയുടെ നേതാവാണ് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്.

ഒരു വീഡിയോയിൽ ഹമാസ് നേതാവ് ഖാലിദ് മഷാൽ റാലിയിൽ പങ്കെടുത്ത ജനങ്ങളെ വെർച്വലായി അഭിസംബോധന ചെയ്യുന്നത് കാണാമായിരുന്നു. അതേസമയം, റാലിയിലെ മഷാലിന്റെ പങ്കാളിത്തത്തെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അപലപിച്ചു.

വിഷയത്തിൽ കേരള പോലീസിനെനെതിരെ ചോദ്യം ഉയർത്തിയ അദ്ദേഹം നടപടി ആവശ്യപ്പെടുകയും ചെയ്‌തു.

“മലപ്പുറത്ത് നടന്ന സോളിഡാരിറ്റി പരിപാടിയിൽ ഹമാസ് നേതാവ് ഖാലിദ് മഷേലിന്റെ വെർച്വൽ അഡ്രസ് ഭയപ്പെടുത്തുന്നതാണ്.

പിണറായി വിജയന്റെ കേരളാ പോലീസ് എവിടെ, ‘സേവ് പലസ്‌തീൻ’ എന്ന മറവിൽ ഹമാസിനെയും എന്ന ഭീകരസംഘടനയെ മഹത്വവത്കരിക്കുകയും നേതാക്കളെ പോരാളികളായി ചിത്രീകരിക്കുകയും ചെയ്യുകയാണ്.

ഇത് അസ്വീകാര്യമാണ്!” സുരേന്ദ്രൻ തന്റെ എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.

നേരത്തെ പലസ്‌തീനിനെ പിന്തുണയ്ക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ റാലിയിൽ പങ്കെടുത്തതിന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) അംഗവും ലോക്‌സഭാ എംപിയുമായ ശശി തരൂരിനെ കേരളത്തിലെ ബിജെപി ഘടകം വിമർശിച്ചിരുന്നു. “ഹമാസ് അനുകൂല പരിപാടി” എന്നാണ് റാലിയെ അവർ വിശേഷിപ്പിച്ചത്.

യുദ്ധത്തിൽ തകർന്ന പലസ്‌തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പതിനായിരക്കണക്കിന് ലീഗ് അനുഭാവികൾ കോഴിക്കോട് തെരുവിലിറങ്ങിയതിന് പിന്നാലെ, സംസ്ഥാനത്ത് വർഗീയ സംഘർഷം ആളിക്കത്തിക്കാൻ വിഷയത്തെ ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആശങ്ക പ്രകടിപ്പിച്ചു.

കോഴിക്കോട് നടന്ന ഐയുഎംഎൽ റാലി ഹമാസ് അനുകൂലമായിരുന്നുവെന്നും പരിപാടിയിലുടനീളം ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
യുഎൻ നയതന്ത്രജ്ഞനെന്ന നിലയിലുള്ള മുൻ ചുമതല കണക്കിലെടുത്ത് തരൂർ റാലിയിൽ പങ്കെടുത്തത് വിഷയത്തിൽ രാജ്യത്തിന്റെ സ്ഥാപിത നിലപാടിന് വിരുദ്ധമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.