KERALA NEWS TODAY-ഏറ്റുമാനൂർ : ഹോട്ടലിൽ ഭക്ഷണം വൈകിയതിനെ ചൊല്ലി ക്രൈം ബ്രാഞ്ച് സി.ഐ.യും ഹോട്ടൽ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ എട്ടാം തീയതി രാത്രി 10.30-ന് സെൻട്രൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന താരാ ഹോട്ടലിലാണ് അക്രമം ഉണ്ടായത്.
ഇവിടെയെത്തിയ കടപ്പൂര് സ്വദേശിയായ ക്രൈംബ്രാഞ്ച് സി.ഐ. ഭക്ഷണം ആവശ്യപ്പെട്ടു.
എന്നാൽ, നല്ല തിരക്കായതിനാൽ താമസം ഉണ്ടെന്ന് അറിയിച്ചതോടെ ക്ഷുഭിതനായി.
ദൃശ്യങ്ങളും മറ്റും മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങി.
ഭക്ഷണം കഴിക്കാൻ എത്തിയ ഭാര്യയും ഭർത്താവും കുഞ്ഞുമടങ്ങുന്ന കുടുംബം ഫോണിൽ ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്തതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിൽ സി.ഐ.യുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരാളും ഇതിൽ പങ്കുചേർന്നു.
പുറത്തുനിന്ന് രണ്ടുപേരുംകൂടി എത്തിയതോടെ സംഘർഷം നിയന്ത്രണാധീതമായി.
വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംഘർഷം അവസാനിച്ചിരുന്നു.
ഇരു കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി.
പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനം ഉണ്ടായത് എന്ന് കണ്ടെത്തിയതായി പറയുന്നു. ഏറ്റുമാനൂർ പോലീസ് അന്വേഷണം നടത്തിവരുകയാണ്.