മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. കളക്ടറേറ്റിൽ രാവിലെ 11.30നാണ് യോഗം നടക്കുക. ദുരന്തമേഖലയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 10.3ന് ഉദ്യോഗസ്ഥരുടെ യോഗം നടക്കും. അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും.
വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് ആരംഭിച്ച രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക് കടന്നു. ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തിരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുക. ദുരന്തമേഖലയിലേക്ക് എത്താനുള്ള ബെയ്ലി പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേഗം കൈവരിക്കും. ഇതുവരെ ദൗത്യമേഖലയിൽ 15 ഹിറ്റാച്ചികൾ എത്തിയിട്ടുണ്ട്.