Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിലായി

തിരുവനന്തപുരം : 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് 4 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം. കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം നോക്കി വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലും വേഷം മാറി താടിയും മുടിയും നീട്ടി വളർത്തി രൂപഭേദം വരുത്തി കണ്ടാൽ തിരിച്ചറിയാത്ത വിധം ആണ് പ്രതി 4 വർഷം ഒളിവിൽ കഴിഞ്ഞിരുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. 

ഒളിവിൽ പോയ പ്രതിയെ കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബൈജു. ഉണ്ണികൃഷ്‌ണൻ, ഗ്രേഡ് സിപിഒ പ്രശോഭ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ കേസിലെ അതിജീവിതയെയും കുട്ടിയുടെ മാതാപിതാക്കളേയും സാക്ഷികളേയും കാണിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave A Reply

Your email address will not be published.