Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കാനഡയിലെ ഹൈന്ദവ വംശജർക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളെ അപലപിച്ച് കനേഡിയൻ എംപി

WORLD TODAY-ഒട്ടാവ : കാനഡയിലെ ഹൈന്ദവ വംശജർക്കു നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളെ അപലപിച്ച് കനേഡിയൻ എംപി ചന്ദ്ര ആര്യ.
ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) ഭീഷണിയുടെ പശ്ചാത്തലത്തിൽ കാനഡയിലെ ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഹിന്ദുക്കൾക്കിടയിൽ ശാന്തമായ ജാഗ്രത വേണമെന്ന് ആവശ്യപ്പെടുകയും കാനഡയിലെ മിക്ക സിഖുകാരും ഖലിസ്ഥാൻ പ്രസ്ഥാനത്തെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.

ഹിന്ദു ന്യൂനപക്ഷ സമുദായത്തെ വിഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളെയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചതിനെയും അദ്ദേഹം അപലപിച്ചു. ‘‘കാനഡയ്ക്ക് ഉയർന്ന ധാർമിക മൂല്യങ്ങളുണ്ട്.
നമ്മൾ നിയമവാഴ്ചയെ പൂർണമായും ഉയർത്തിപ്പിടിക്കുന്നു.
ഭീകരവാദത്തെ മഹത്വവൽക്കരിക്കുന്നതോ ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള വിദ്വേഷ കുറ്റകൃത്യമോ എങ്ങനെയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിൽ അനുവദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’’– അദ്ദേഹം പറഞ്ഞു.

ജൂണിൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇരുരാജ്യങ്ങളിലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെയാണ് ചന്ദ്ര ആര്യയുടെ പ്രതികരണം.

നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കങ്ങൾക്കിടെ, ബുധനാഴ്ച എസ്എഫ്ജെ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂൻ കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും രാജ്യം വിടാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘ഇന്തോ-ഹിന്ദു കാനഡ വിടൂ, ഇന്ത്യയിലേക്ക് പോകൂ’ എന്ന് ആവശ്യപ്പെട്ട ഗുർപത്വന്ത് സിങ്, ഖലിസ്ഥാൻ അനുകൂല സിഖുകാർ എല്ലായ്‌പ്പോഴും കാനഡയോടു വിശ്വസ്തരാണെന്നും അവർ എപ്പോഴും കാനഡയുടെ പക്ഷത്താണെന്നും അവകാശപ്പെട്ടു.

Leave A Reply

Your email address will not be published.