പോരേടം-പള്ളിക്കല്‍ പാതയിലെ സ്വർണക്കടയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച യുവതിയെയും യുവാവിനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് വട്ടക്കരിക്കകം ബ്ലോക്ക് നമ്പർ 971ല്‍ സ്നേഹ (27), നെടുമങ്ങാട് കൊല്ലങ്കോട് സുജിത്ത്ഭവനില്‍ സുജിത്ത് (31) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സ്വർണം വാങ്ങാനെന്ന വ്യാജേന ഇരുവരുമെത്തിയത്. സ്വർണം തിരഞ്ഞ് കുറച്ചുസമയം കടയില്‍ ചെലവഴിച്ചു. കടയുടമയുമായി സംസാരിച്ച് മാലയെടുത്ത് തൂക്കം നോക്കുന്നതിനായി നല്‍കി. ഇതിനിടെ യുവതി മാല ധരിക്കുകയും, യുവാവ് കൈവശമുണ്ടായിരുന്ന സ്പ്രേ എടുത്ത് കടയുടമയുടെയും ജീവനക്കാരുടെയും നേരേ പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് യുവതി കടയ്ക്കു പുറത്തിറങ്ങി സ്കൂട്ടറുമായെത്തി യുവാവിനെയും കയറ്റി രക്ഷപ്പെടുകയായിരുന്നു.
സ്നേഹയും സുജിത്തും കുടുംബസുഹൃത്തുക്കളാണ്. സുജിത്തിന്റെ അച്ഛന്റെ മരണശേഷം കുടുംബത്തിന് 10 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായി. ഇതു തീർക്കുന്നതിനായാണ് രണ്ടുപേരും മോഷണത്തിന് ശ്രമിച്ചത്. കവർച്ച നടത്തുന്നതിനായി ചടയമംഗലം, കടയ്ക്കല്‍, ആയൂർ എന്നിവിടങ്ങളിലെ കടകള്‍ ഇവർ നോക്കിവെച്ചിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കണ്ടെടുത്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു, കൊട്ടാരക്കര ഡിവൈ.എസ്.പി. ബൈജുകുമാർ, ചടയമംഗലം ഇൻസ്പെക്ടർ എൻ.സുനീഷ്, എസ്.ഐ. എം.മോനിഷ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ അഭിലാഷ്, സജി ജോണ്‍, സലീന, സി.പി.ഒ.മാരായ ഉല്ലാസ്, അതുല്‍കുമാർ, മഞ്ജു, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.