യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെ പൊതുമാപ്പ് നൽകുന്നത് തുടരും. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച രണ്ടു മാസക്കാലത്തെ പൊതു മാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുമാപ്പ് അനുവദിക്കുന്ന ആംനെസ്റ്റി കേന്ദ്രങ്ങളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഈ സാഹചര്യം ഉള്‍പ്പെടെ കണക്കിലെടുത്താണ് പൊതുമാപ്പ് ആനുകൂല്യം നീട്ടാനുള്ള തീരുമാനം. വിസ കാലാവധി പിന്നിട്ട് യുഎഇയില്‍ നിയമവിരുദ്ധമായി കഴിയുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് രണ്ട് മാസം കൂടി സാവകാശം ലഭിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ. ഈ കാലയളവില്‍ ഇവര്‍ക്ക് യുഎഇയില്‍ തന്നെ നിയമവിധേയമായി താമസിക്കാനുമാകും. പൊതുമാപ്പിന് ശേഷം നാട്ടില്‍ നിന്ന് മറ്റൊരു വിസയുമായി തിരികെയെത്താം എന്നുള്‍പ്പെടെയുള്ള നിരവധി പ്രത്യേകതയുള്ള പൊതുമാപ്പാണ് ഇത്തവണ അനുവദിച്ചിരുന്നത്. സന്ദര്‍ശക, തൊഴില്‍ വിസകള്‍ പുതുക്കാതെ നില്‍ക്കുന്നവര്‍ക്ക് പൊതുമാപ്പ് വലിയ ആശ്വാസം സമ്മാനിച്ചിരുന്നു.