Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആമയിഴഞ്ചാൻ തോട് അപകടം ; ജോയിയെ പഴിചാരി കരാറുകാർ

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി മുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കരാറുകാർ. അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെ തുടർന്നാണെന്ന് സൂപ്പർവൈസർ കുമാർ കുറ്റപ്പെടുത്തി. സുരക്ഷക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നിട്ടും ജോയ് അവ ഉപയോഗിച്ചില്ലെന്ന് സൂപ്പർവൈസർ കുമാർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസമെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. ശനിയാഴ്ച രാവിലെ കനത്ത മഴയിൽ ആമയിഴഞ്ചാൻ തോട്ടിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. അതേസമയം ജോയി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുകയാണ്. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്. മാലിന്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേയുടെ ചുമതലയെന്ന് വാദിക്കുകയാണ് സർക്കാർ. അതേസമയം മാലിന്യനീക്കത്തിന് മുഖ്യമന്ത്രി നാളെ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

Leave A Reply

Your email address will not be published.