Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

അല്ലു അര്‍ജുന്‍ വീണ്ടും കോടതിയിലേക്ക്

പുഷ്പ 2 റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍. മോചനം വൈകിയത് ചോദ്യം ചെയ്ത് തെലങ്കാന ഹൈക്കോടതിയില്‍ അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിക്കും. ഇടക്കാല ജാമ്യം ലഭിച്ചിട്ടും ചഞ്ചല്‍ഗുഡ ജയില്‍ അധികൃതര്‍ അന്യായമായി തടവില്‍വെച്ചു എന്ന് അല്ലു ചൂണ്ടിക്കാട്ടും. വെള്ളിയാഴ്ച വൈകിട്ട് 5.30ന് വന്ന തെലങ്കാന ഹൈക്കോടതി ഉത്തരവ് ജയില്‍ സൂപ്രണ്ട് നടപ്പിലാക്കാന്‍ വൈകിയതിനാല്‍ ഒരു രാത്രി മുഴുവന്‍ തടവില്‍ കഴിയേണ്ടിവന്നുവെന്നും അല്ലു അര്‍ജുന്‍ വാദിക്കും. കേസില്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും നടന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്പള്ളി ഒന്‍പതാം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ അല്ലു അര്‍ജുന്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും. അതേസമയം, അല്ലു അര്‍ജുന്റെ ഇടക്കാല ജാമ്യം ചോദ്യം ചെയ്യാനാണ് ഹൈദരാബാദ് പൊലീസിന്റെ തീരുമാനം. അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ്. തീരുമാനം. ഇത് സംബന്ധിച്ച ഹര്‍ജി തിങ്കളഴ്ച ഫയല്‍ ചെയ്യും.

Leave A Reply

Your email address will not be published.