ലഖനൗ : ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമർപ്പിച്ചു. അഭിഭാഷക കമ്മീഷനാണ് സർവേ പൂർത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഛന്ദൗസി സിവില്‍ കോടതിയിലാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. എന്നാൽ കമ്മീഷൻ്റെ റിപ്പോര്‍ട്ട് തുറക്കുന്നതിന് ഛന്ദൗസി കോടതിക്ക് സുപ്രീംകോടതിയുടെ വിലക്കുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 19നായിരുന്നു ഷാഹി ജുമാ മസ്ജിദില്‍ അഡ്വക്കേറ്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.
നവംബര്‍ 24 ന് രണ്ടാംഘട്ട സര്‍വേക്ക് അഡ്വക്കേറ്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. സംഘർഷത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് തങ്ങൾക്ക് നേരെ വെടിയുതിർക്കരുതെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണത്തെ തുടർന്ന് അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനും നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സർവെ നടത്തിയത്.