Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആദിത്യ എൽ1: രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം; അടുത്തത് സെപ്റ്റംബർ 10 ന്

NATIONAL NEWS-ചെന്നൈ : രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി.
നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ.
സെപ്റ്റംബർ 10നു പുലർച്ചെ 2.30നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ.
ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തിൽ ഇനി 3 ഭ്രമണപഥം ഉയർത്തൽക്കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക. 125 ദിവസംകൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും.

അതേസമയം ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്ര തുടങ്ങി. 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ലാൻഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു മുന്നോടിയായി, അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റി. റോവറിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.