POLITICAL NEWS- ന്യൂഡൽഹി : ലോക്സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തന്റെ പരാമര്‍ശം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
സഭയില്‍ വാദങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ അക്രമത്തെക്കുറിച്ചുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യംവിട്ട ശതകോടീശ്വരന്‍ നീരവ് മോദിയോടും ധൃതരാഷ്ട്രരോടും താരതമ്യം ചെയ്തതാണ് വിവാദമായത്.
ഈ പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
‘നീരവ് ‘ എന്നതിന്റെ അര്‍ത്ഥമെന്താണ്? ആരെയും വേദനിപ്പിക്കാനല്ല, സ്വയം പ്രകടിപ്പിക്കാനാണ് ഞാനിത് ഉപയോഗിച്ചതെന്നാണ് ആദ്യ ദിവസം മുതല്‍ ഞാന്‍ പറയുന്നു. ഞങ്ങളുടെ വാദങ്ങള്‍ വ്യക്തമായി പറയണമെന്നതും എന്റെ മനസ്സില്‍ തോന്നുന്നതെല്ലാം പ്രകടിപ്പിക്കണമെന്നതും ആയിരുന്നു എന്റെ ഉദ്ദേശം. അത് തെറ്റായിരുന്നോ?,’ അധീര്‍ രഞ്ജന്‍ ചൗധരി പത്രസമ്മേളനത്തില്‍ ചോദിച്ചു.പാര്‍ലമെന്റിലെ ഞങ്ങളുടെ കരിയറില്‍ ഇതുവരെ അനുഭവിക്കാത്ത ഒരു പുതിയ പ്രതിഭാസമാണിത്… പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഭരണകക്ഷിയുടെ ആസൂത്രിത നീക്കമാണിത്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവിനെ തകര്‍ക്കുമെന്നും അ്‌ദ്ദേഹം പ്രതികരിച്ചു.
ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ലോക്സഭ പാസാക്കിയതിനെ തുടര്‍ന്നാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ പ്രിവിലേജസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരും.