കൊല്ലം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും, ലഹരിവസ്തുക്കളുടെ വ്യാപാരം തടയുന്നതിനായി കരുതൽ തടങ്കലിൽ ശിക്ഷ കഴിഞ്ഞ ശേഷം ഈ ഇടയ്ക്കു പുറത്തിറങ്ങിയ പ്രതി പിടിയിൽ. കൊട്ടാരക്കര പെരുംകുളം വിശാഖത്തിൽ പെരുംകുളം ബിജു എന്ന് വിളിക്കുന്ന ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ തലവൂർ വച്ച് നാല് കിലോ കഞ്ചാവുമായി കൊല്ലം റൂറൽ DANSAF ടീമും കുന്നിക്കോട് പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എഡിജിപി MR അജിത്കുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ “ഡി ഹണ്ടിന്റെ” ഭാഗമായാണ് സംസ്ഥാനത്തൊട്ടാകെ മയക്കുമരുന്നിനെതിരെയുള്ള പരിശോധന നടക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി KM സാബു മാത്യു ഐപിഎസിനെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം റൂറൽ ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്പന നടത്തിയിരുന്ന പെരുംകുളം ബിജു DANSAF ടീമിന്റെ നിരന്തര നിരീക്ഷണത്തിൽ ആയിരുന്നു. ജയിലിൽ കരുതൽ തടങ്കലിൽ ആയിരുന്ന പ്രതി മൂന്ന് മാസം മുൻപ് ജയിലിൽ നിന്നിറങ്ങിയ ശേഷം തുടർന്നും കഞ്ചാവ് വില്പന തുടരുകയായിരുന്നു. കൊല്ലം റൂറൽ പോലീസ് മേധാവി KM സാബു മാത്യു ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ DANSAF SI മാരായ ജ്യോതിഷ് ചിറവൂർ, ദീപു KS, ബിജു ഹക്ക്, സിവിൽ പോലീസ് ഓഫീസർമാരായ സജുമോൻ , ദിലീപ് എസ്, വിപിൻ ക്ലീറ്റസ് എന്നിവരും കുന്നിക്കോട് പോലീസ് സ്റ്റേഷൻ എസ്‌ഐമാരായ ഗംഗാ പ്രസാദ്, ദിലീപ്ഖാൻ, ജോയ്, SCPO അഭിലാഷ് എന്നിവരും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.