Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ; കേസ് വീണ്ടും മാറ്റി വച്ചു

സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി വീണ്ടും മാറ്റിവെച്ചു. റിയാദ് കോടതിയാണ് കേസ് വീണ്ടും മാറ്റിവെച്ചത്. പ്രതീക്ഷിച്ച വിധിയല്ല വന്നതെന്നും പബ്ലിക് പ്രൊസിക്യൂട്ടർ കുറച്ച് പേപ്പറുകൾ ചോദിച്ചിരുന്നത് ഹാജരാക്കാനാണ് തീയതി നീട്ടിയതെന്ന് മനസിലാക്കുന്നുവെന്നും അബ്ദുൾ റഹീം നിയമ സഹായ സമിതി അംഗങ്ങൾ പറഞ്ഞു. സാങ്കേതികപരമായ കാര്യങ്ങളാണ് കേസ് മാറ്റി വെക്കാൻ കാരണമെന്നറിയുന്നുവെന്നും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു.

സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുൽ റഹ്മാന് അല് ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസുമായി ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉന്നതർ അടക്കമുള്ളവർ ഇടപെടൽ നടത്തിയെങ്കിലും കുടുംബം മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയിൽ കുട്ടിയുടെ കുടുംബം മാപ്പു നൽകിയത്. ഇതിന് ശേഷം ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.

Leave A Reply

Your email address will not be published.