KERALA NEWS TODAY-പോത്താനിക്കാട്(എറണാകുളം): വൈരാഗ്യത്തിന്റെ പേരില്‍ ആളില്ലാതിരുന്ന വാര്‍ക്കവീടിനുള്ളില്‍ തീയിട്ടു.
സംഭവത്തില്‍ പൈങ്ങോട്ടൂര്‍ ആയങ്കര പറക്കാട്ട് വീട്ടില്‍ ബേസില്‍ ബെന്നിയെ (22) പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പോത്താനിക്കാട് തൃക്കേപ്പടി പോഞ്ചാലില്‍ പി.ആര്‍. ശിവന്റെ വീടിനാണ് പ്രതി തീയിട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഇവരെല്ലാം ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു.
അയല്‍വാസികളാണ് വീടിനുള്ളില്‍ തീ പടരുന്നത് ആദ്യം കാണുന്നത്.
പിന്നീട് ഓടിക്കൂടിയ നാട്ടുകാരും കല്ലൂര്‍ക്കാട് അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് തീ അണയ്ക്കുന്നത്.
വീടിന്റെ മൂന്ന് മുറികളിലും പ്രധാന ഹാളിലും തീ പടര്‍ന്നിരുന്നു. ഇതില്‍ ഉണ്ടായിരുന്ന കട്ടിലുകള്‍, കസേരകള്‍, ടി.വി. ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ എല്ലാം പൂര്‍ണമായും കത്തിനശിച്ചു. അടുക്കളയുടെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് പ്രതി അകത്തുകയറിയത്.
മകളെ ശല്യംചെയ്തതിന്റെ പേരില്‍ മൂന്നുമാസം മുന്‍പ് വീട്ടുകാര്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് വീടിന് തീയിടാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.
തൊഴിലുറപ്പ് പണിക്കും മറ്റു ജോലികള്‍ക്കും പോയി കിട്ടിയ പണംകൊണ്ടാണ് ശിവനും ഭാര്യ മേനകയും ചേര്‍ന്ന് ചെറിയൊരു വാര്‍ക്കവീട് ഉണ്ടാക്കിയത്. നാല് പെണ്‍മക്കളില്‍ മൂന്നു പേരുടെ വിവാഹം കഴിഞ്ഞു.
ഇതിനായി വലിയ തുക ചെലവായി. നാലാമത്തെ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം തീരാന്‍ ഏതാനും മാസങ്ങള്‍കൂടി അവശേഷിക്കുമ്പോഴാണ് ദുരന്തം തീയുടെ രൂപത്തില്‍ എത്തിയത്.
അടുക്കള ഉപകരണങ്ങള്‍ ഒഴികെ മറ്റെല്ലാം അഗ്‌നി വിഴുങ്ങി. ഇനി ജീവിതം തുടങ്ങണമെങ്കില്‍ ഒന്നില്‍നിന്ന് ആരംഭിക്കണം. നല്ലൊരു തുക ഇതിനായി വേണ്ടിവരും. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് കുടുംബം.