വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയ യുവാവ് മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു. കൊല്ലം കല്ലട വിമലാ സദനത്തിൽ അഖിൽ (27) ആണ് മരിച്ചത്. തിങ്കളാഴ്ച 12 മണിയോടെ മീനിച്ചിലാറിന്റെ കൈവഴിയായ കടവുപുഴ ആറ്റിലാണ് അപകടമുണ്ടായത്. അഖിലും സുഹൃത്തുക്കളായ അഞ്ചുപേരും ഇല്ലിക്കകല്ല്, പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് കടവുപുഴ ആറ്റിൽ കുളിക്കാനെത്തിയത്. അഖിൽ കുളിക്കാനിറങ്ങിയപ്പോൾ വഴുക്കലുള്ള പാറയിൽനിന്ന് തെന്നി ഒഴുക്കിൽപെടുകയായിരുന്നു. പിഎസ്സി. കോച്ചിങ് സെന്റർ നടത്തിവരികയായിരുന്നു അഖിൽ. ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.