Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൊല്ലത്ത് രണ്ടരവയസ്സുകാരനെ തെരുവ്നായ ആക്രമിച്ചു ; കഴുത്തിലും നെറ്റിയിലും മുറിവുകൾ

കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയിൽ രണ്ടരവയസ്സുകാരന് നേരെ തെരുവ്നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. പടനായർകുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ സംഗീതയുടെയും ശ്യാംകുമാറിന്റെയും മകൻ ആദിനാഥിനെയാണ് തെരുവ് നായ ആക്രമിച്ചത്. മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നെറ്റിക്കും കഴുത്തിലും മുറിവുകളുണ്ട്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തച്ഛൻ ഉടൻ തന്നെ നായയെ കല്ലെറിഞ്ഞ് ഓടിച്ചു എങ്കിലും നായയെ പൂർണമായി മാറ്റാൻ കഴിഞ്ഞില്ല.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെവി പ്ലാസ്റ്റിക് സർജറി ചെയ്യാൻ വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ഡോക്ടർ ഇല്ലാതിരുന്നതിനാൽ കുട്ടിയെ അവിടെ നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനസ്തേഷ്യ നൽകുന്നതിലെ തടസം മൂലം പ്ലാസ്റ്റിക് സർജറി നടത്താൻ സാധിച്ചില്ല. ചെവിയുടെ ഭാഗം തുന്നിച്ചേർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Leave A Reply

Your email address will not be published.