കൊട്ടാരക്കരയിലെ പ്രമുഖ ഹാർഡ്‌വെയർ ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാർ ചേർന്ന് സ്ഥാപനത്തിൽ നിന്നും 29 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം ഉഴമലയ്ക്കൽ വടക്കുംകര പുത്തൻ വീട്ടിൽ സനേഷ് കൃഷ്ണനെ(37) ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന സനേഷിനെ കാട്ടാക്കട പൂവച്ചലിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അംബിക, സനേഷ് കൃഷ്ണൻ, ഷൈജു, സിബി കൃഷ്ണൻ എന്നിവർ ചേർന്ന് സ്ഥാപനത്തിലെ 29 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സെയിൽസ് എക്സിക്യൂട്ടീവ്മാരായ സനേഷ് കൃഷ്ണൻ, സിബി കൃഷ്ണൻ, ഷൈജു എന്നിവർ സ്ഥാപനത്തിന്റെ ഹാർഡ്‌വെയർ സാധനങ്ങൾ വിവിധ കടകളിൽ സപ്ലൈ ചെയ്ത ശേഷം കടകളിൽ നിന്നും പൈസ വാങ്ങി കമ്പനിയിൽ അടയ്ക്കാതെ അക്കൗണ്ടന്റ് ആയ അംബികയുമായി ചേർന്ന് സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ സെയിൽസ് റിട്ടേൺ എന്ന് വ്യാജമായി കാണിച്ചാണ് തിരിമറി നടത്തിയത്.
ഒന്നാം പ്രതിയായ അംബികയെയും മൂന്നാം പ്രതിയായ സിബി കൃഷ്ണനെയും, നാലാം പ്രതിയായ ഷൈജുവിനെയും നേരത്തെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. അറസ്റ്റ് ചെയ്ത സനേഷ് കൃഷ്ണനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്.ഓ. ജയകൃഷ്ണൻ എസിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ഗോപകുമാർ ജി, ജോൺസൺ കെവൈ, സിപിഒമാരായ നഹാസ്, അഹ്സർ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.