തിരുവനന്തപുരം : കല്ലറ-കാരേറ്റ് റോഡിൽ ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായതിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കല്ലറ വയലിൽകട സ്വദേശി റഹ്‌മാബീഗം (78)ആണ് മരിച്ചത്. അപകടത്തിൽ റഹ്മാബീഗത്തിന്റെ ഇരുകാലിലൂടെയും ടിപ്പറിന്റെ ടയർ കയറി ഇറങ്ങിയിരുന്നു. റഹ്‌മാബീഗം ആശുപത്രിയിൽ പോകാനായി ആറാം താനത്ത് ബേക്കറിയുടെ മുന്നിൽ നിൽക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ 7.30നായിരുന്നു അപകടം. ബേക്കറിയിൽ ചായ കുടിച്ച് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കാതിരിക്കാൻ ലോറി തിരിഞ്ഞപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇവിടെ നിർത്തിയിട്ട സ്‌കൂട്ടറിലും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറിയിരുന്നു. അപകടത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തു.