ന്യൂഡല്‍ഹി : ലോക്സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ച് ശശി തരൂര്‍ എംപി. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നേരത്തെ ആവശ്യപ്പെട്ടതാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു. രണ്ട് പേര് മാത്രം പങ്കെടുത്ത ചര്‍ച്ചയായിരുന്നു. അതില്‍ കൂടുതല്‍ പ്രതികരികരണത്തിനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി-ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ശശി തരൂരിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലും ചര്‍ച്ച നടന്നതായാണ് വിവരം. ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും ചര്‍ച്ച നടത്തി. ശശി തരൂര്‍ ഇവിടെ എത്തിയെങ്കിലും പെട്ടെന്നുതന്നെ മടങ്ങി. പ്രിയങ്കയും രാഹുലിനൊപ്പമുണ്ടായിരുന്നതായാണ് വിവരം.