Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കോട്ടയത്തെ റാ​ഗിം​ഗിന് കാരണം പിറന്നാൾ ആഘോഷത്തിന് പണം നൽകാതിരുന്നത് ; പരാതിക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കോട്ടയം : ​ഗാന്ധിന​ഗർ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. റാ​ഗിം​ഗിന് കാരണം പിറന്നാൾ ആഘോഷത്തിന് പണം നൽകാതിരുന്നതാണെന്ന് പരാതിക്കാർ പറയുന്നു. ഡിസംബർ 13ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാ​ഗിം​ഗാണ് ​ഗാന്ധിന​ഗർ നഴ്സിം​ഗ് കോളേജിൽ നടന്നത്. ഫെബ്രുവരി 9നും സമാന രീതിയിൽ റാ​ഗിം​ഗ് നടന്നിരുന്നതായാണ് റിപ്പോർട്ട്. അതേസമയം ഹോസ്റ്റൽ വാർഡന്റെ മൊഴിയിൽ സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നാണ് വാര്‍ഡന്റെ മൊഴി. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും.

കേസില്‍ ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിംഗ് നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കേസെടുത്തതിന് പിന്നാലെ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.