കഴക്കൂട്ടം : തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. പൊലീസ് പിന്തുടര്‍ന്നെത്തി ആഷിക്കിനെ രക്ഷപ്പെടുത്തി. പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥി. രണ്ട് പേരെ പൊലീസ് പിടികൂടി. രണ്ട് പേര്‍ വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു.
ലഹരി സംഘമാണോ ആഷിക്കിനെ തട്ടിക്കൊണ്ടുപോയതെന്ന സംശയത്തില്‍ പൊലീസ് ആ വഴിയിലും അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ആഷിക്കിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആഷിക്കിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു ഫലം. പൊലീസ് ഫോണില്‍ സംസാരിച്ചപ്പോഴും സമാന അനുഭവമായിരുന്നു. ഇതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു.