ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ് ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.55 കോടി വോട്ടർമാരാണ് ഡൽഹിയുടെ ജനവിധി നിർണ്ണയിക്കുക. ഇതിൽ 83,76,173 പേർ പുരുഷ വോട്ടർമാരും, 72,36,560 പേർ സ്ത്രീ വോട്ടർമാരുമാണ്. 1267 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ ജനവിധി തേടുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്നാണ് അരവിന്ദ് കെജ്രിവാൾ വീണ്ടും മത്സരിക്കുന്നത്. ബിജെപിയുടെ പർവേഷ് വർമ്മയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതുമാണ് അരവിന്ദ് കെജ്രിവാളിൻ്റെ പ്രധാന എതിരാളികൾ. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാന എതിരാളികളായ ബിജെപിയെയും കോൺഗ്രസിനെയും നിഷ്പ്രഭരാക്കിയായിരുന്നു ആം ആദ്മി അധികാരത്തിലെത്തിയത്. ഇത്തവണയും 55 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്തുമെന്നാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിൻ്റെ അവകാശവാദം.