കൊച്ചി : തൃപ്പൂണിത്തറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിയുടെ കുടുംബം നൽകിയ റാഗിങ് പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. സംഭവം അതീവ ദുഃഖകരമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. പൊലീസ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഈ മാസം പതിനഞ്ചിനായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയായ ഇരുമ്പനം സ്വദേശി മിഹിര്‍ അഹമ്മദ് ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു മിഹിർ. സ്കൂളിൽ മകൻ അതിക്രൂരമായ റാഗിങ്ങിന് ഇരയായി എന്ന് വ്യക്തമാക്കി അമ്മ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.