പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ വിയൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ആലത്തൂർ സബ്ജയിൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു. വൈകിട്ട് 7ഓടെ ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതി ചെന്താമരയെ കോടതി റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി.
ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നിന്നത്. മറ്റ് പരിക്കുകൾ എന്തെങ്കിലും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒരുകാര്യം പറയാനുണ്ടെന്ന് ചെന്താമര കോടതിയിൽ പറയുകയായിരുന്നു. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയിൽ ചെന്താമരയുടെ ആവശ്യം. നൂറ് വർഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു.