കൊച്ചി : മുനമ്പത്ത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷന് ജുഡീഷ്യൽ അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. കമ്മീഷൻ മുനമ്പത്ത് നടത്തുക വസ്തുതാന്വേഷണമാണെന്നും അതിന്മേൽ തീരുമാനമെടുക്കുക സർക്കാർ ആയിരിക്കുമെന്നാണ് സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട രണ്ട് ഹർജികളിലായിരുന്നു സർക്കാരിൻ്റെ സത്യവാങ്ങ്മൂലം.
ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷന് ജുഡീഷ്യൽ അധികാരമോ അർധ ജുഡീഷ്യൽ അധികാരമോ ഇല്ലായെന്നാണ് സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വസ്തുതകൾ പഠിച്ച് സർക്കാരിന് മുന്നിൽ എത്തിക്കുക എന്നതാണ് കമ്മീഷൻ്റെ ചുമതല. അന്വേഷണത്തിൻ്റെ ഭാഗമായുള്ള ശുപാർശകൾ നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കാൻ കമ്മീഷന് അധികാരമില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരാണ് ആ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. മുനമ്പത്ത് ഭൂമി കൈവശം വെച്ചിരിക്കുന്ന ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അതിനാൽ ഈ ഘട്ടത്തിൽ കമ്മീഷൻ്റെ നിയമനം ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിൽ നടപടിയെടുക്കുമ്പോൾ മാത്രമാണ് ചോദ്യം ചെയ്യാൻ അവകാശമെന്നുമാണ് സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ഹർജികൾ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.