കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് രാത്രികാല ട്രോളിംഗ് നടത്തിയ തണല്‍ എന്ന ബോട്ടും, ധനലക്ഷ്മി എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
മത്സ്യ സമ്പത്തിന് പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും, തെങ്ങിന്‍ കുലച്ചിലുകളും, മണലും ഉപയോഗിച്ച് അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തിയതിന് 2 തോണികളും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ നടപടികള്‍ക്കായി അഡ്ജൂഡിക്കേഷന്‍ ഓഫീസറായ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. കടലിന്റെ ആവാസ വ്യവസ്ഥയ്ക്ക് പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ മത്സ്യ സമ്പത്തിന് വെല്ലുവിളിയാകുന്ന ഇത്തരത്തിലുള്ള അനധികൃത രീതികള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനീഷ് അറിയിച്ചു.