തിരുവനന്തപുരം : ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലെകറെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല വിജയനൊപ്പം രാജ്ഭവനിലെത്തിയായിരുന്നു സന്ദര്‍ശനം. ഇരുവരെയും ആര്‍ലെകര്‍ സ്വീകരിച്ചു. അതേസമയം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും ശീതയുദ്ധത്തിലായിരുന്നു. ഔദ്യോഗിക യാത്രയപ്പ് നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.ജനുവരി രണ്ടിനാണ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ പ്രകീര്‍ത്തിച്ചിരുന്നു. മുന്‍ കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലെകറെ കേരളത്തിലേക്ക് നിയോഗിച്ചത്.ആര്‍എസ്എസിലൂടെയായിരുന്നു ആര്‍ലെകറിന്റെ രാഷ്ട്രീയപ്രവേശം. 1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത ആര്‍ലെകര്‍ ഗോവയില്‍ വനം വകുപ്പ് മന്ത്രിയുമായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ സജീവ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ ആര്‍ലെകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെപി നേതാവാണ്.