മധ്യപ്രദേശ് : മധ്യപ്രദേശിലെ ഡെവാസ് ജില്ലയിൽ പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാവ് മരിച്ചു. മുകേഷ് ലോംഗ്രെ എന്നയാളാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. ഡിസംബർ 26 ന് ഒരു സ്ത്രീ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് മുകേഷിനെ പൊലീസ് വിളിച്ചുവരുത്തിയത്. മുകേഷിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മുകേഷിനെതിരെ നടപടിയുണ്ടാകാതിരിക്കാൻ പൊലീസുകാർ കൈക്കൂലിയാവശ്യപ്പെട്ടെന്നും കുടുംബം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഇൻസ്പെക്ടർ ആശിഷ് രജ്പുതിനെ സസ്പെൻഡ് ചെയ്തു.
ഇൻസ്പെക്ടർ മൊഴി വായിക്കവേ മുകേഷ് കൈയിലുണ്ടായിരുന്ന തൂവാല ഉപയോഗിച്ച് ലോക്കപ്പിലെ ജനൽക്കമ്പിയിൽ കെട്ടിത്തൂങ്ങുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പൂനീത് ഗഹ്ലോത് പറഞ്ഞു. ഇയാളെ ഉടൻ ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. മുകേഷിന്റെ പേരിൽ കേസൊന്നുമില്ലെന്നും മൊഴി രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് വിളിച്ചുവരുത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നന്ദാനി യുകായ് അന്വേഷണമാരംഭിച്ചു.