Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

രാജസ്ഥാനിൽ കുട്ടി കുഴൽക്കിണറിൽ കുടുങ്ങിയിട്ട് 8 ദിവസം ; ഇന്ന് പുറത്തെത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ

രാജസ്ഥാനിൽ 8 ദിവസമായി കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുന്ന മൂന്നര വയസുകാരിയെ ഇന്ന് പുറത്തെത്തിക്കാൻ സാധിച്ചേക്കുമെന്ന് എൻഡിആർഎഫ് സംഘം. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. രാജസ്ഥാനിലെ കോട്‍പുത്തലയിലാണ് കഴിഞ്ഞ തിങ്കളാഴ്ച മൂന്നര വയസ്സുകാരി ചേതന കുഴൽക്കിണറിൽ വീണത്. ഒരാഴ്ചയായി 150 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ ഇതുവരെ രക്ഷിക്കാൻ സാധിച്ചിട്ടില്ല. കുട്ടിയെ രക്ഷപ്പെടുത്തുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നും കനത്ത അനാസ്ഥ ഉണ്ടായെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

കുട്ടിയുടെ വസ്ത്രത്തിൽ കൊളുത്ത് കുരുക്കി പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനു ശേഷമാണ് യന്ത്രങ്ങളുടെ സഹായത്തോടെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമം തുടങ്ങിയത്. തുരങ്കമുണ്ടാക്കി എൽ ആകൃതിയിലുള്ള പൈപ്പിട്ട് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. യന്ത്രങ്ങൾ എത്തിക്കാൻ വൈകിയെന്ന് ആരോപണം കുടുംബം ഉന്നയിക്കുന്നുണ്ട്. സംഭവം നടന്ന് മൂന്നാം ദിവസമാണ് ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയത്.

Leave A Reply

Your email address will not be published.