ചണ്ഡീഗഢ് : പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം. തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥലം എംഎൽഎ ജഗ്രൂപ് സിങ് ഗിൽ പറഞ്ഞു. മൂന്ന് പേർ ചികിത്സയ്ക്കിടെ മരണപെടുകയായിരുന്നു. 18 ഓളം പേർ ഷഹീദ് ഭായ് മണി സിങ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. മരിച്ചവരുടെ പേരു വിവരങ്ങൾ ജില്ലാ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.