Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച സംഭവം, 41കാരി ഒരു വർഷത്തിന് ശേഷം പിടിയിൽ

ന്യൂയോർക്ക് : അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 41കാരി പിടിയിൽ. ജിൽ ഓഗെല്ലി എന്ന 41കാരിയാണ് പിടിയിലായത്.  പ്രിയാൻഷു അഗ്വാൾ (23) എന്ന വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച കേസിൽ ഒരു വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. വിദ്യാർത്ഥിയെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.  2023 ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ന്യൂ ഹെവൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന പ്രിയാൻഷു അഗ്വാൾ പഠനം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടത്തിൽ മരിക്കുന്നത്. അപകടത്തിന് ശേഷം ഡ്രൈവർ കാർ നിർത്താതെ പോയതാണ് പ്രിയാൻഷുവിന്റെ പരിക്ക് ഗുരുതരമാക്കിയതെന്നും ഇതാണ് പിന്നീട് മരണത്തിലേയ്ക്ക് നയിച്ചതെന്നും സഹോദരൻ അമാൻ ആരോപിച്ചു. അപകടമുണ്ടായ സമയത്ത് ജിൽ ഓഗെല്ലി കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്ന് ന്യൂ ഹെവൻ പോലീസ് മേധാവി കാൾ ജേക്കബ്സൺ പറഞ്ഞു. പിന്നീട് ജിൽ ഓഗെല്ലിയുടെ ഫോണിന്റെ ജിപിഎസ് ഡേറ്റ ശേഖരിച്ചു. ഇത് കേസ് അന്വേഷണത്തിൽ സഹായകമായി. കാറിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ പ്രിയാൻഷുവിന്റെ ഡിഎൻഎ കണ്ടെത്തുകയും ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് ഓഗെല്ലിയാണ് ഉടമയെന്ന് പോലീസ് സ്ഥിരീകരിക്കുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 18ന് രാത്രി 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ്അറിയിച്ചു. ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രിയാൻഷുവിനെ ഇടിച്ച ശേഷം കാർ നിർത്താതെ പോയി. പിന്നീട് പ്രിയാൻഷുവിനെ യാലെയിലുള്ള ന്യൂ ഹെവൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.  

Leave A Reply

Your email address will not be published.