Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നടൻ ഷാരൂഖ് ഖാന് നേരെ വധഭീഷണി

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാന് നേരെയും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇതാദ്യമായിട്ടല്ല ഷാരൂഖ് ഖാൻ വധഭീഷണി നേരിടുന്നത്. കഴിഞ്ഞ വർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് വൈ പ്ലസ് കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. നേരത്തെ ആയുധധാരികളായ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.