ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മറ്റന്നാൾ അവലോകന യോഗം ചേരും. ദർശനത്തിനായി എത്തുന്ന ഒരാൾക്ക് പോലും മടങ്ങേണ്ടി വരില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും സ്പോട്ട് ബുക്കിംഗ് ഏത് രീതിയിൽ ആയിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് മറ്റന്നാൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുന്നത്. നിയന്ത്രണങ്ങളോടെ സ്പോട്ട് ബുക്കിംഗ് അനുവദിക്കാനാണ് നിലവിലെ ധാരണ. ദേവസ്വം ബോർഡ് നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും.
മുഖ്യമന്ത്രിയാകും അന്തിമ തീരുമാനം എടുക്കുക. വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അതിനിടെ ശബരിമല റോപ് വേ പദ്ധതിക്ക് വേണ്ടിയുള്ള പകരം ഭൂമി കൈമാറ്റം നവംബർ 14ന് നടക്കും. കൊല്ലം ജില്ലയിലെ കട്ടളപ്പാറയിൽ 4.56 ഹെക്ടർ ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിക്ക് പകരം റവന്യൂ ഭൂമി 14ന് കൈമാറും. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ദാമോദർ കേബിൾ കാർസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ. ബിഒടി മാതൃകയിലാണ് നിർമ്മാണം. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പൊലീസ് ബാരക്ക് വരെ 2.7 കിലോമീറ്റർ ദൂരത്തിൽ ആണ് റോപ് വേ.