വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിക്കായി പ്രചാരണത്തിന് വമ്പന്‍മാര്‍ ഇറങ്ങും. 23ന് സോണിയ ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയോടൊപ്പം വയനാട്ടിലെത്തും. ദേശീയ-സംസ്ഥാന നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും വയനാട്ടില്‍ എത്തും. രാവിലെ 11ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് പ്രിയങ്കാ ഗാന്ധി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് അനുഗ്രഹം തേടി. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസ് കൂടിയെത്തിയതോടെ വയനാട്ടില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. കല്‍പ്പറ്റയില്‍ റോഡ് ഷോയോടു കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.
തികഞ്ഞ വിജയ പ്രതീക്ഷയാണ് നവ്യ ഹരിദാസ് പങ്കുവെച്ചത്. കരിന്തണ്ടന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നവ്യാ ഹരിദാസ് കല്‍പ്പറ്റയില്‍ എത്തിയത്. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. വണ്ടൂര്‍ മണ്ഡലത്തില്‍ ആയിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ പര്യടനം. പി വി അന്‍വര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമേ അല്ല എന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് വയനാട്ടിലേതെന്ന് രാജ്‌മോഹന്‍ എംപി കുറ്റപ്പെടുത്തി. 23ന് പ്രിയങ്ക ഗാന്ധി എത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമാകും.