കർണാടക ഷിരൂർ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ഷിരൂരിൽ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറിക്കൊപ്പം മൃതദേഹവും ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തുന്നത്. കരയിൽ നിന്നും ഏകദേശം 62 കിലോമീറ്റർ അകലെ സിപി 2 പോയിന്റിൽ നിന്നാണ് ലോറി കണ്ടെത്തിയത്. ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍ നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
കാര്‍വാര്‍-കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവലി നദിയിലേക്ക് തെറിച്ചുവീണ് ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.