മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സിപിഐഎമ്മിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ജനനം. മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നതാണ് ശരിയായ പേര്. 1946ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. എറണാകുളത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു . തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്യൂണിസ്റ്റുകാര്‍ കൊച്ചി രാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിരുന്നു.