
തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാൻ നർമ്മം ചാലിച്ചെത്തുന്ന സിനിമയാണ് ‘മനസാ വാചാ’. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ‘മനസാ വാചാ’ ഒരു മുഴുനീള കോമഡി എന്റർടൈനറാണ്. ദിലീഷ് പോത്തനാണ് ചിത്രത്തിലെ നായക കഥാപാത്രമായ ‘ധാരാവി ദിനേശ്’നെ അവതരിപ്പിക്കുന്നത്.
പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവാഗതനായ ശ്രീകുമാർ പൊടിയനാണ് സംവിധാനം ചെയ്യുന്നത്. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്. മോഷണം ഇതിവൃത്തമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്.‘തൂവാനത്തുമ്പികൾ’, ‘പുണ്യാളൻ അഗർബത്തീസ്’,’പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്’,’തൃശൂർ പൂരം’,’ജോർജ്ജേട്ടൻസ് പൂരം’ തുടങ്ങി തൃശൂരിന്റെ മനോഹാരിതയും മാധുര്യവും ഗ്രാമീണതയും പകർത്തിയ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. തൃശൂർ പശ്ചാത്തലത്തിലെത്തുന്ന ചിത്രങ്ങൾ പ്രേക്ഷകർ എന്നും നേഞ്ചോട് ചേർക്കാറുണ്ട്. ‘മനസാ വാചാ’യും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ ആയിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം മാർച്ച് മാസത്തിൽ പ്രദർശനത്തിനെത്തും.മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മനസാ വാചാ’. സിനിമയുടെ ഫസ്റ്റ് ലുക്ക് തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ദിലീഷ് പോത്തനാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കി, ജാസി ഗിഫ്റ്റിന്റെ ആലാപനത്തിൽ എത്തിയ ‘മനസാ വാചാ കർമ്മണാ’ എന്ന പ്രൊമോ സോങ്ങ് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും യൂ ട്യൂബ് ട്രെൻഡിലാണ്.