KERALA NEWS TODAY-കൊച്ചി : ചാരക്കേസിന്റെ അന്വേഷണത്തിനിടെ, കേസിൽ പ്രതിയായിരുന്ന നമ്പി നാരായണനും കേസന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഭൂമിയിടപാടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടിസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
ചാരക്കേസ് ആദ്യമന്വേഷിച്ച സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്. വിജയൻ നൽകിയ ഹർജി ജസ്റ്റിസ് കെ.ബാബുവാണു പരിഗണിച്ചത്.
സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാജേന്ദ്രനാഥ് കൗൾ, ഡിവൈഎസ്പിയായിരുന്ന കെ.വി. ഹരിവത്സൻ എന്നിവരുമായി ഭൂമിയിടപാടു നടത്തിയെന്നാണ് ആരോപണം.
ഭൂമി ഇടപാടു സംബന്ധിച്ച വസ്തുതകളും രേഖകളും ഹാജരാക്കി അന്വേഷണം ആവശ്യപ്പെട്ടു തിരുവനന്തപുരം സിബിഐ കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളി.
ഇടപാടിനു പിന്നിലുള്ളവർ, ഇടപാടിന്റെ സ്വഭാവം, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങൾ നൽകിയിരുന്നു.
തുടർന്നുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണെന്നും അറിയിച്ചു.
കേസിൽ എതിർ കക്ഷികളായ നമ്പി നാരായണൻ, സിബിഐ ഉദ്യോഗസ്ഥർ, കേന്ദ്ര സർക്കാർ എന്നിവർക്ക് നോട്ടിസ് നൽകാനാണു ഹൈക്കോടതി നിർദേശം.