Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

പുതുപ്പള്ളിയിൽ പോളിങ് കുറഞ്ഞു: 72.91% വോട്ട്

KERALA NEWS TODAY-പുതുപ്പള്ളി: 53 വർഷം പുതുപ്പള്ളി എംഎൽഎയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ 72.91% പോളിങ്. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു വോട്ടിങ് ശതമാനം കുറഞ്ഞു.
2011ൽ 74.44, 2016ൽ 77.36, 2021ൽ 74.84 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്ക് വന്നിട്ടില്ല.

പോളിങ്ങിന് ഇടയിൽ മഴ പെയ്തതു തിരിച്ചടിയായി.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമെത്തി പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ വോട്ട് ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ‌ ചാണ്ടിക്കൊപ്പമെത്തി ഇതേ സ്കൂളിലായിരുന്നു കുടുംബം വോട്ട് ചെയ്തിരുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ. എൽപിഎസിൽ വോട്ട് ചെയ്തു. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ മണ്ഡലത്തിലെ വോട്ടറല്ല.

പോളിങ് വേഗം കുറഞ്ഞതായി കണ്ടെത്തിയ 32 ബൂത്തുകളിൽ 40 ഉദ്യോഗസ്ഥരെ കൂടുതൽ നിയോഗിച്ചു. 3 ബൂത്തുകളിൽ വൈകിട്ട് ആറിനു ശേഷവും ക്യൂ തുടർന്നു. 31 ബൂത്തുകളിൽ കാലതാമസം വരുത്തി വോട്ടർമാരെ തിരിച്ചയയ്ക്കാൻ ശ്രമമുണ്ടായെന്നു ചാണ്ടി ഉമ്മൻ പരാതിപ്പെട്ടു. ‌ചില ബൂത്തുകളിൽ വോട്ടെടുപ്പു താമസിച്ചെന്നു പരാതി ഉന്നയിച്ചതായി ജെയ്ക് സി.തോമസും പറഞ്ഞു.

തിരഞ്ഞെടുപ്പുഫലം 8 ന് പ്രഖ്യപിക്കും. പുതിയ ജനപ്രതിനിധി ഈ 11നു സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമാകും. സഭയ്ക്കുള്ളിൽ സ്പീക്കറുടെ മുൻപാകെയാകും സത്യപ്രതിജ്ഞ.

Leave A Reply

Your email address will not be published.