NATIONAL NEWS- ഒഡീഷ : ഒഡീഷയ്ക്ക് അനുവദിച്ച രണ്ടാം വന്ദേ ഭാരതിന്‍റെ സർവീസ് ഇന്ത്യൻ റെയിൽവേ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്.
പുരി – റൂർക്കേല റൂട്ടിലാണ് പുത്തൻ ട്രെയിൻ സർവീസ് നടത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാന ആഴ്ചയോടെ ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
പാലക്കാട് ഡിവിഷന് ലഭിച്ച രണ്ടാമത്തെ വന്ദേ ഭാരതിന്‍റെ റൂട്ടിനെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഒഡീഷയിൽ രണ്ടാം വന്ദേ ഭാരത് ട്രാക്കിലിറങ്ങാൻ പോകുന്നത്.
ഈ സമയം ആകുമ്പോഴേക്ക് കേരളത്തിന്‍റെ ട്രെയിൻ റൂട്ടിലും തീരുമാനം ആകുമോയെന്നും ഫ്ലാഗ് ഒഫ് ഒരുമിച്ചുണ്ടാകുമോയെന്നുമാണ് കേരളം ഉറ്റുനോക്കുന്നത്.
ഒഡീഷയുടെ പുതിയ വന്ദേ ഭാരതിന്‍റെ സർവീസ് പുരി – ഭൂവനേശ്വർ- കട്ടക് – അംഗുൽ റൂർക്കേല റൂട്ടിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറ്റു വന്ദേ ഭാരതുകൾക്ക് സമാനമായി ആഴ്ചയിൽ ആറ് ദിവസം തന്നെയാകും ഈ ട്രെയിനും സർവീസ് നടത്തുക. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും ഈ സർവീസ്. ഖുർദ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ധേൻകനൽ, അംഗുൽ, കേരെജംഗ, സംബൽപൂർ സിറ്റി, ജാർസുഗുദ എന്നിവിടങ്ങളിലാകും വന്ദേ ഭാരതിന്‍റെ സ്റ്റോപ്പ്.ഭൂവനേശ്വറിൽ 5 മിനിറ്റും മറ്റു സ്റ്റേഷനുകളിൽ 2 മിനിറ്റുമാണ് ട്രെയിൻ നിർത്തുക.അതേസമയം ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വന്ദേ ഭാരതിന്‍റെ അന്തിമ റൂട്ട് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. റേക്ക് ഇപ്പോഴും ചെന്നൈയിൽ തുടരുകയാണ്. ബേസിൻ ബ്രിഡ്ജിലെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ് ട്രെയിൻ. പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകാത്തതാണ് തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുണ്ട്.