NATIONAL NEWS-ഹൈദരാബാദ് : ബാങ്ക് കൊള്ളയടിക്കാനെത്തിയ കള്ളൻ, ശ്രമം പരാജയപ്പെട്ടതോടെ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പ്രശംസിച്ച് കുറിപ്പ് എഴുതിവച്ചശേഷം മടങ്ങി.
ഓഗസ്റ്റ് 31ന് തെലങ്കാന ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയിലാണ് സംഭവം.
പിറ്റേന്ന് രാവിലെ എത്തിയ ബാങ്ക് ജീവനക്കാരാണ് കുറിപ്പ് കണ്ടത്.
ബാങ്കിന്റെ ലോക്കറുകൾ കുത്തിത്തുറക്കാനാവാതെ വന്നതോടെയാണ് കള്ളൻ ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പുകഴ്ത്തിയുള്ള കുറിപ്പെഴുതിവച്ചത്.
‘‘എന്റെ വിരലടയാളം ഉണ്ടാവില്ല. നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ട് എന്നെ പിടിക്കരുത്’’– എന്നായിരുന്നു കുറിപ്പ്.
കള്ളന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞെങ്കിലും മുഖം മറച്ചിട്ടുണ്ട്. കള്ളൻ ബാങ്കിലെ ജീവനക്കാർ ആരുമല്ലെന്നും നാട്ടുകാരനാണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചു.