Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല; ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ’

KERALA NEWS TODAY-പുതുപ്പള്ളി : മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും മറുപടി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.
നുണ പ്രചാരണത്തിന് ജനം മറുപടി നൽകുമെന്നും സൈബർ ആക്രമണത്തിനെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചു.
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി.
മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നുവെന്നും അച്ചു പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പ്രത്യേക പ്രാർഥനകൾക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ.
‘‘ ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക. നിങ്ങളൊരു മൈക്കിന്റെ മുന്നില്‍ വന്ന് സംസാരിക്കൂ. ഒരാളെ ഒരുതരത്തിലും വ്യക്തിപരമായി ആക്ഷേപിക്കാൻ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരൻ ഒരിക്കൽപോലും നിന്നിട്ടില്ല. യാതൊരുതരത്തിലും സത്യമല്ലാത്ത കാര്യങ്ങൾ ചർച്ചയിൽ വരുത്താനാണ് ശ്രമം. ഞങ്ങളതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വക ട്രാപ്പിലൊന്നും ഞങ്ങൾപെടുകയില്ല. നുണ പ്രചാരണത്തിന് ജനം മറുപടി നൽകും. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സൈബർ ആക്രമണം. മക്കൾക്കെതിരെയുള്ള വേട്ടയാടലാണ് നടക്കുന്നത്’’– അച്ചു ഉമ്മൻ പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിയുടെ മക്കൾ ആഢംബര ജീവിതം നയിക്കുന്നുവെന്ന തരത്തിലായിരുന്നു സൈബർ പ്രചാരണം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ സഹോദരി കൂടിയായ അച്ചുവിനെതിരെ ആക്രമണം കടുത്തത്.

Leave A Reply

Your email address will not be published.