NATIONAL NEWS-പട്ന (ബിഹാര്‍): പട്നയിലുള്ള അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കിന്റെ പേരുമാറ്റി ബിഹാര്‍ സര്‍ക്കാര്‍.
കോക്കനട്ട് പാര്‍ക്കെന്നാണ് പേരുമാറ്റിയത്. വനം- പരിസ്ഥിതിമന്ത്രി തേജ് പ്രതാപ് യാദവാണ് പ്രഖ്യാപനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തിങ്കളാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും.
കോക്കനട്ട് പാര്‍ക്ക് എന്നുതന്നെയാണ് ഈ പാര്‍ക്ക് മുന്‍പ് അറിയപ്പെട്ടിരുന്നത്.
2018-ലാണ് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പേര് പാര്ക്കിന് നല്‍കിയത്.
മുന്‍പുണ്ടായിരുന്ന പേര് പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ പേരുമാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള പാര്‍ക്കിന്റെ പേരുമാറ്റുന്നത് കുറ്റകൃത്യമല്ലാതെ മറ്റൊന്നുമല്ലെന്ന് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ നിത്യാനന്ദ റായ് കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാര്‍ക്കിന്റെ പേരുമാറ്റുന്നത് തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന ബിജെപി അധ്യക്ഷനും രംഗത്തെത്തിയിട്ടുണ്ട്. അടല്‍ജിയോട് നിങ്ങള്‍ക്കുള്ള ആദരവ് ഇതാണോ എന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ആരാഞ്ഞു. നിങ്ങളുടെ (നിതീഷ് കുമാറിന്റെ) വാക്കും പ്രവര്‍ത്തിയും തമ്മില്‍ ചേരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.