KERALA NEWS TODAY-പുനലൂർ : അഞ്ചു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മെയിൻ ഈസ്റ്റേൺ ഹൈവേ എന്നറിയപ്പെടുന്ന പുനലൂർ –മൂവാറ്റുപുഴ കെഎസ്ടിപി സംസ്ഥാന ഹൈവേയിലെ മുക്കടവ് പാലം തുറക്കുന്നതോടെ ഈ പ്രദേശം ടൂറിസം കേന്ദ്രമായി മാറുന്നതിന് സാധ്യത തെളിയുന്നു.
ഇരുവശവും കൂറ്റൻ കുന്നുകളും നടുവിലൂടെ മനോഹരമായ മുക്കടവ് നദിയും കടന്നുപോകുന്ന ഭാഗത്താണ് പാലം തീർത്തിരിക്കുന്നത്.
ശബരിമല സീസണിൽ ഇവിടെ മുക്കടവ് ആറ്റിലെ രണ്ട് കുളിക്കടവുകളിലും നൂറുകണക്കിന് ഇതര സംസ്ഥാന അയ്യപ്പ ഭക്തരാണ് വിരി വയ്ക്കുന്നതിനും കുളിക്കുന്നതിനും വിശ്രമിക്കുന്നതിനും എത്തുന്നത്.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ പാലം പൊളിക്കാതെ നിലനിർത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്.
അതിനാൽ അഴീക്കൽ മോഡലിൽ മധ്യഭാഗത്ത് തൂണുകൾ ഇല്ലാതെ നിർമിച്ചിരിക്കുന്ന ഈ പാലത്തിലൂടെ വാഹനം കടന്നു പോകുന്ന ദൂരക്കാഴ്ച ആരെയും ആകർഷിക്കുന്നതാകും.
ടാറിങ് പൂർത്തിയായെങ്കിലും പാലത്തിൽ മനോഹരമായ വർണം പൂശുന്ന ജോലികൾ അടുത്തമാസം ആരംഭിക്കും.
ഇവിടെ അനുബന്ധ റോഡിന്റെയും ടാറിങ് പൂർത്തിയായിരിക്കുകയാണ്.