Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

‘അജിത് പവാർ മുഖ്യമന്ത്രിയാകില്ല; ബിജെപിക്ക് ഉൾപ്പെടെ മുഖ്യമന്ത്രി സ്ഥാനത്തോട് താൽപര്യമുണ്ടാകാം’

NATIONAL NEWS – മുംബൈ : എൻസിപി നേതാവ് അജിത് പവാർ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് തള്ളി.
മുഖ്യമന്ത്രി സ്ഥാനത്ത് ഏക്നാഥ് ഷിൻഡെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഷിൻഡെയെ മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപി അജിത് പവാറുമായി സഖ്യമുണ്ടാക്കിയതെന്നാണ് ചിലർ കരുതുന്നത്.
എന്നാൽ അതങ്ങനെയല്ലെന്ന് അജിത് പവാറിനു തുടക്കം മുതലേ അറിയാം. മുഖ്യമന്ത്രി സ്ഥാനത്തോട് ബിജെപി ഉൾപ്പെടെ ഏത് പാർട്ടിക്കും താൽപര്യമുണ്ടാകാം. അജിത് പവാറിന്റെ അനുയായികൾ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുമില്ല.
എന്നാൽ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്ന് ജൂലൈ 2ന് നടന്ന പാർട്ടികളുടെ സഖ്യ യോഗ (മഹായുതി)ത്തിൽ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.’- ഫഡ്നാവിസ് പറഞ്ഞു.

ശനിയാഴ്ച അജിത് പവാറിന്റെ പിറന്നാൾ ആഘോഷത്തിനിടെ അനുയായികൾ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന ബാനറുകളും പോസ്റ്ററുകളും ഇറക്കിയിരുന്നു.
അതേസമയം, അടുത്ത മാസം പത്തോടെ അജിത് പവാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.
അതിനു മുൻപ് ഏക്നാഥ് ഷിൻഡെയെയും ഷിൻഡെ വിഭാഗത്തിലെ മറ്റ് 15 എംഎൽഎമാരെയും അയോഗ്യരാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ചവാൻ പറഞ്ഞു.

Leave A Reply

Your email address will not be published.