Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

അറുപതോളം പേർ പീഡിപ്പിച്ചതായി പതിനെട്ടുകാരിയുടേ വെളിപ്പെടുത്തൽ , അഞ്ച് പേർ അറസ്റ്റിൽ

റാന്നി : 13 വയസ് മുതൽ അഞ്ച് വർഷക്കാലം പീഡനത്തിനിരയായയെന്ന് കായികതാരമായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പത്തനംതിട്ടയിലാണ് സംഭവം. ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിനിടെ പതിമൂന്ന് വയസ് മുതൽ പീഡനത്തിനിരയായതായി പതിനെട്ടുകാരി വെളിപ്പെടുത്തുകയായിരുന്നു. അറുപതോളം പേർ പീഡിപ്പിച്ചതായാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പോക്സോ കേസിലായി അഞ്ച് പേർ അറസ്റ്റിലായി. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2019 മുതൽ പീഡനം ആരംഭിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.

ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും ഇക്കൂട്ടത്തിലുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അറസ്റ്റിലായ അഞ്ച് പ്രതികളെയും റാന്നി കോടതിയിൽ ഹാജരാക്കി. ലൈംഗിക ചൂഷണത്തിനെതിരെ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി വിവരം സിഡബ്ല്യുസിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിക്ക് സിഡബ്ല്യുസി രണ്ടാഴ്ചയോളം കൗണ്‍സിലിംഗ് നല്‍കി. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.

Leave A Reply

Your email address will not be published.